ലോകത്തിന്റെ കണ്ണാടിയിലേക്ക് ഒരു യാത്ര
By: Sajith Kumar
ഓരോ യാത്രകളും ഒരു സഞ്ചാരിക്ക് നൽകുന്നത് യാത്രാനുഭവങ്ങൾ മാത്രമല്ല., വിലമതിക്കാനാവാത്ത ബന്ധങ്ങളും അറിവുകളും കൂടിയാണ്... രണ്ടു വര്ഷം മുന്നത്തെ ഞങ്ങളുടെ ഒരു യാത്ര മദ്ധ്യേ പരിചയപ്പെട്ട സൗത്താഫ്രിക്കൻ സുഹൃത്തുക്കളിൽ നിന്നുമാണ് ബൊളീവിയയിലെ "Salar de Uyuni" എന്ന സ്ഥലത്തെ കുറിച്ചും ആ രാജ്യത്തിൻറെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയെ കുറിച്ചുമുള്ള വിവരണം ആദ്യം ലഭിക്കുന്നത്... അവരുടെ യാത്രാ ചിത്രങ്ങൾ കണ്ട നിമിഷം... മനസ്സിൽ ഈ യാത്രയും കയറിപറ്റി... അന്ന് തന്നെ അവരിൽ നിന്നും ഈ യാത്രയെ കുറിച്ചുള്ള അത്യാവശ്യ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി വച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന ചരിത്രവും, സംസ്കാരങ്ങളും നിലനിന്നിരുന്ന വ്യത്യസ്ഥത നിറഞ്ഞ മലകളും, താഴ്വരങ്ങളും ലഗൂണുകളും കൊണ്ട് പ്രകൃതി ഭംഗിയാലും അപൂർവമായ ജന്തു ജീവജാലങ്ങളെകൊണ്ട് അനുഗ്രഹീതമായ ഭൂഖണ്ഡം ആണ് സൗത്ത് അമേരിക്ക., അധികം ആരും എത്തിപെടാത്തതുകൊണ്ടു തന്നെ ഇപ്പോഴും ആ സംസ്കാരവും സൗന്ദര്യവും ഏതാണ്ട് അതെ രൂപത്തിൽ തന്നെ നമുക്ക് അവിടെ ദർശിക്കാൻ കഴിയും...., ഞങ്ങളുടെ രണ്ടാമത്തെ സൗത്ത് അമേരിക്കൻ യാത്രയതിനാൽ കഴിയാവുന്നതിന്റെ പരമാവധി ചുറ്റി കാണണം എന്ന് തീരുമാനിച്ചു പ്ലാനിംഗ് തുടങ്ങി... ഇന്ത്യക്കു പുറത്തേക്കുള്ള യാത്രകളിൽ, പ്രത്യേകിച്ച് ഒന്നിലധികം രാജ്യങ്ങൾ ഉൾപ്പെട്ട യാത്രകൾ എല്ലാം തന്നെ പ്ലാനിംഗ് ഏറ്റവും കൂടുതൽ പ്രധാനം അർഹിക്കുന്ന ഒരു കാര്യമാണ്...., കൃത്യവും വ്യക്തവുമായ പ്ലാനിംഗ് കഴിഞ്ഞാൽ തന്നെ യാത്രയുടെ പകുതി ടെൻഷൻ മാറി കിട്ടി എന്ന് പറയാം...... ബൊളീവിയയോടൊപ്പം, അമേരിക്കൻ ഐക്യ നാടുകൾ , ചിലി, പെറു, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു വലിയ യാത്രയാണ് ലക്ഷ്യം...., അധികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ ആയതിനാൽ വിവരങ്ങളും, നിർദ്ദേശങ്ങളും തപ്പി എടുക്കാൻ കുറച്ചു ബുദ്ധിമുട്ടി എങ്കിലും ഏതാണ്ട് രണ്ടു മാസത്തോളം എടുത്തു വളരെ വിശദമായ പ്ലാനിംഗ് തന്നെ തയ്യാറാക്കി ..., ചിലിയിൽ നിന്നും റോഡ് മാർഗം ബൊളീവിയ യാത്ര ആണ് ആദ്യം., സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മനോഹരവും പ്രകൃതി രമണീയയവുമായ ലഗൂണുകൾ, മരുഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ താണ്ടിക്കൊണ്ടുള്ള നാലു ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര മാർഗം ആണിത് ..., എന്നാൽ അന്വേഷണങ്ങളിൽ നിന്നും ചിലി - ബൊളീവിയ റോഡ് മാർഗം മുറിച്ചു കടക്കുവാൻ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ബൊളീവിയൻ വിസ ആവശ്യമാണെന്ന വിവരം ലഭിച്ചു.., വിസ എടുക്കാനായി (ബൊളീവിയൻ എംബസി UAE യിൽ ഇല്ലാത്തതിനാൽ) ഡൽഹി എംബസ്സിയുമായി ബന്ധപ്പെട്ടപ്പോൾ., അവർ ഇറാനിൽ പോയി വിസ എടുക്കാൻ പറഞ്ഞു., യാത്ര കുടുംബവുമായിട്ടു ആയതിനാൽ ഇറാനിൽ അല്ലെങ്കിൽ ഡൽഹിയിൽ പോയി വിസ എടുക്കുക എന്നത് പ്രയോഗികമല്ലാത്തതിനാൽ., യാത്രയിൽ മാറ്റങ്ങൾ വരുത്തി ചിലി ഒഴിവാക്കി പകരം കൊളംബിയയിൽനിന്നും നിന്നും ബൊളീവിയയിലേക്കു വിമാന മാർഗം യാത്രാ പുനർക്രമീകരിച്ചു., ബൊളീവിയയിൽ ഇന്ത്യക്കാർക്ക് On Arrival വിസ കിട്ടുന്ന രണ്ടു എയര്പോര്ട്ടുകളാണുള്ളത് ഉള്ളത് ., La Paz ഉം Santa Cruz ഉം., ഞങ്ങൾക്ക് പോകേണ്ടതിന് അടുത്തും സൗകര്യപ്രദവും ലാപാസ് ആയതിനാൽ ലാപാസ് തന്നെ തിരഞ്ഞെടുത്തു.,

മാർച്ച് 19 നു കൊളംബിയയിലെ ബൊഗോട്ട എയർ പോർട്ടിൽ നിന്നും ഞങ്ങൾ ബൊളീവിയയിലെ ലാപാസ് വിമാന താവളത്തിൽ ലാൻഡ് ചെയ്തു ., എയർപോർട്ടിൽ Visa On Arrival കൗണ്ടറിൽ നിന്നും 5 മിനിറ്റ് കൊണ്ട് തന്നെ 30 ദിവസത്തെ ബൊളീവിയൻ വിസ ഞങ്ങൾക്ക് സ്റ്റാമ്പ് ചെയ്തു തന്നു ., ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് ലാപാസിലെ എൽ ആൾട്ടോ വിമാനത്താവളം., 13,320 അടി ഉയരത്തിൽ ആണ് ഇതിന്റെ സ്ഥാനം.., ഇവിടെ നിന്ന് 'Uyuni" യിലേക്കാണ് അടുത്ത ഫ്ലൈറ്റ് ., അതിനായി 6 മണിക്കൂർ ഇനി കാത്തിരിക്കണം., Luggage ഉം എടുത്തു പുറത്തുപോയി ഇരുന്ന ഉടനെ തന്നെ നല്ല ശക്തിയായ തലവേദനയും തലകറക്കവും അനുഭവപെട്ടു തുടങ്ങി., ഇത്രയും ഉയരത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ ഉള്ള " Altitude Sickness" ന്റെ ലക്ഷണം., എയർപോർട്ടിൽ തന്നെ ഉള്ള ഫർമസിയിൽ ചെന്നപ്പോൾ "sorochi" എന്ന ക്യാപ്സ്യൂൾസ് തന്നു., പക്ഷെ അത് 24 മണിക്കൂർ മുൻപെങ്കിലും കഴിച്ചാലേ ഫലം ലഭിക്കുകയുള്ളൂ ., അതുകൊണ്ടു തൊട്ടടുത്ത കഫ്ത്തീരിയയിൽ പോയി കൊക്കോ വെള്ളം കുടിച്ചാൽ ചെറിയ ആശ്വാസം കിട്ടും എന്ന് പറഞ്ഞു., നേരെ പോയി അത് വാങ്ങി കുടിച്ചു .... (കൊക്കോ എന്ന ചെടിയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്നതാണ് കൊക്കോ ഡ്രിങ്ക്...കൊക്കയ്ൻ എന്ന മയക്കുമരുന്ന് ഉണ്ടാക്കുന്നതും ഇതേ ഇലയിൽ നിന്നുമാണ്) ., വല്യ മാറ്റം ഒന്നും ഇല്ലെങ്കിലും ചെറിയ ഒരു ആശ്വാസം തോന്നി.. വൈകുന്നേരത്തോടെ 40 പേർക്ക് കയറാവുന്ന ഒരു ചെറിയ ഫ്ലൈറ്റിൽ ഞങ്ങൾ "Uyuni" ലേക്ക് തിരിച്ചു., ഏകദേശം ഒരു മണിക്കൂറിനുള്ളിൽ "Uyuni" യിൽ എത്തി, നേരെ ഹോട്ടലിലേക്ക് തിരിച്ചു.., ഹോട്ടലിന്റെ റിസപ്ഷനിൽ തന്നെ "കൊക്കോ വെള്ളം" വച്ചിട്ടുണ്ട്., ഇവിടെ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും ഇത് ലഭിക്കും ..
വളരെ കുറച്ചു, അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഒരു ചെറിയ വില്ലേജ് ആണ് "Uyunni"., "Salar" ലേക്ക് വരുന്ന ടൂറിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള കച്ചവടവും., ഉപ്പു സംഭരണവുമാണ് ഇവിടുത്തെ പ്രധാന ബിസിനെസ്സ് ..... ചെക്ക് ഇൻ ചെയ്ത ശേഷം ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു പുറത്തേക്കു ഇറങ്ങി., നാട്ടിലെ പോലെ തന്നെ ചെറിയ വീതികുറഞ്ഞ റോഡുകൾ., ഇരു വശവും ചെറിയ കടകൾ, വീടുകൾ., ബൊളീവിയക്കുവേണ്ടി ജീവൻ വെടിഞ്ഞ അർജെന്റീനക്കാരനായ കമ്മ്യൂണിസ്റ് ഇതിഹാസം "ചെഗുവരെയുടെ" പല രീതിയിലുള്ള പെയിന്റിങ്ങുകളാണ് റോഡിൻറെ ഇരുവശത്തുമുള്ള മതിലുകൾ നിറയെ... സമീപത്തുള്ള സ്കൂളിന്റെ ചുവരിലും മനോഹരമായ "ചെഗുവരെ" ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്...10 മിനിറ്റ് നടന്നു പ്രധാന കവലയിൽ എത്തി , വല്യ ഫുഡ് ഓപ്ഷൻ ഒന്നും ഇവിടെ ഇല്ല., പിസ ഉണ്ടാക്കുന്ന ഒരു ഹോട്ടൽ കണ്ടുപിടിച്ചു കഴിക്കാൻ കേറി., കടയുടെ ഉടമസ്ഥൻ തന്നെയാണ് പിസ ഉണ്ടാക്കുന്നത്., വെജിറ്റേറിയൻ പിസ പറഞ്ഞ ശേഷം., ചെഗുവരെയെ കുറിച്ച് അന്വേഷിക്കാം എന്ന് വിചാരിച്ചു കട ഉടമയോടു തിരക്കിയപ്പോൾ പുള്ളിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല... അവസാനം ആ ശ്രമം ഉപേക്ഷിച്ചു ഫുഡും കഴിച്ചു തിരിച്ചു ഹോട്ടലിലേക്ക് പോയി ....

രാവിലെ 9 മണിയോടെ തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഡ്രൈവർ വണ്ടിയുമായി ഹോട്ടലിൽ എത്തി., ഞങ്ങൾ 3 ദിവസത്തേക്കാണ് വാഹനം ബുക്ക് ചെയ്തിരിക്കുന്നത്.. മുൻകൂട്ടി ബുക്ക് ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല., "Uyunni" യിൽ ഉള്ള ഏതാണ്ട് എല്ലാര്ക്കും ടൂർ കമ്പനിയും വാഹനവും ഉണ്ട്., എപ്പോഴായാലും ബുക്ക് ചെയ്യാനും സാധിക്കും., പക്ഷെ മിക്കതും ഒരു ദിവസത്തെ സാധാരാണ "Salar" യാത്ര ആയിരിക്കും., വാഹനത്തിന്റെ കണ്ടിഷൻ, ഡ്രൈവറുടെ പരിചയം, സലാറിൽ ചിലവഴിക്കുന്ന സമയം എന്നിവക്കു ഒന്നും യാതൊരു ഉറപ്പും കാണുകയും ഇല്ല. ഞങ്ങളുടേത് 3 ദിവസത്തെ യാത്ര ആയതിനാലും., 15800 അടി അധികം ഉയരത്തിൽ ഉള്ള റോഡുകളിലൂടെ യാത്ര ചെയ്യേണ്ടതിനാലും, അത്യാവശ്യം റിവ്യൂസ് ഒക്കെ ഉള്ള., ഓക്സിജൻ ടാങ്ക്, സാറ്റലൈറ്റ് ഫോൺ ഒക്കെ വാഹനത്തിൽ ലഭ്യമായ ഒരു കമ്പനി തന്നെ ഞാൻ ആദ്യമേ സെലക്ട് ചെയ്തു എനിക്ക് പോവേണ്ട സ്ഥലങ്ങൾ അവരുമായി പറഞ്ഞു ധാരണയുണ്ടാക്കി ബുക്ക് ചെയ്തിരുന്നു.,
ഞങ്ങൾ യാത്ര ആരംഭിച്ചു 4x4 നിസ്സാൻ പട്രോൾ ആണ് വാഹനം., "Uyunni" ടൗണിൽ നിന്ന് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട് "Salar" ലേക്ക് ., ഞങ്ങളുടെ ഡ്രൈവർ സിൽവിയോക്കു സ്പാനിഷ് മാത്രമേ അറിയൂ.. എനിക്കാണെങ്കിൽ സ്പാനിഷ് ആകെ അറിയാവുന്നതു മൂന്നു വാക്കും ., ഗൂഗിൾ ട്രാൻസലേറ്റർ വച്ചാണ് ആശയ വിനിമയം .... സിൽവിയോ വളരെ ഫ്രണ്ട്ലി ആയിരുന്നു ആദ്യം തന്നെ വിഷമിപ്പിക്കുന്ന വാർത്തയാണ് സിൽവിയോ തന്നത് ., കഴിഞ്ഞ രണ്ടു മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തു സലാറിൽ വെള്ളം കയറി കിടക്കുന്നതിനാലും ഇന്നും മഴയുടെ സാധ്യത ഉള്ളതിനാലും എന്റെ ലിസ്റ്റ് പ്രകാരമുള്ള എല്ലാ സ്ഥലങ്ങളിലും പോകാൻ പറ്റുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല., എന്നാലും പരമാവധി പോകാൻ പറ്റുന്നിടത്തെല്ലാം എത്തിക്കാം എന്ന ഉറപ്പും തന്നു ...
യാത്ര തുടങ്ങി., “Train Cemetry” എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ആദ്യ യാത്ര., വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചു, പ്രധാന റോഡുകൾ എല്ലാം നല്ല രീതിയിൽ ടാർ ചെയ്തവയാണ് റോഡിന്റെ രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടങ്ങൾ..., കിൻവ (quinoa) എന്നറിയപ്പെടുന്ന വിളയാണ് പ്രധാനമായ കൃഷി., അരി / ഗോതമ്പ് നു പകരം ഉപയോഗിക്കുന്ന ഇവരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്., ഇതിനു പുറമെ ചോളം, ഉരുളക്കിഴങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്., നമ്മുടെ നാട്ടിലെ ആടിന്റെ / ചെമ്മരിയാടിന്റെ വിഭാഗത്തിൽപെട്ട 'ലാമ' എന്ന് വിളിക്കുന്ന മൃഗങ്ങൾ ധാരാളമായി പുല്ലു മേഞ്ഞു നടക്കുന്നത് കാണാം., കാണാൻ നല്ല ഭംഗിയുള്ള ഇവ ഒന്ന് രണ്ടു തവണ കൂട്ടത്തോടെ ഞങ്ങളുടെ വാഹനത്തിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയുണ്ടായി ..., ഏകദേശം 30 മിനിറ്റ് കൊണ്ട് “Train Cemetry” ൽ എത്തി ... പഴയ ട്രെയിനുകളുടെ ശവപ്പറമ്പാണ് സ്ഥലം .... പൊതുവെ കുറവാണെങ്കിലും ചൈനക്കാർ തന്നെ അവിടെയും കൂടുതൽ... പൊട്ടിപൊളിഞ്ഞതും തുരുമ്പെടുത്തതുമായ ട്രെയിൻ ബോഗികളുടെ മുകളിൽ കയറി ഡാൻസും ചിത്രങ്ങൾ എടുക്കലും തകർക്കുന്നു .... ഏകദേശം 10-12 ട്രെയിനുകളുടെ എൻജിനുകൾ , ടയറുകൾ, ബോഗികൾ , മറ്റു പാര്ട്ടുകൾ എന്നിവ പലയിടത്തായി ചിതറി കിടക്കുന്നു .. 1800 കളിൽ ബ്രട്ടീഷുകാർ നിർമിച്ച റെയിൽ പാതയും ട്രെയിനുകളുമാണ് ഈ കാണുന്നത് ., ഇന്നത്തെ ചിലിയുമായി കണക്ട് ചെയ്തു മൈൻ ചെയ്തെടുക്കുന്ന ധാതുക്കളും അയിരുകളും കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഈ ട്രെയിനുകൾ ഉപയോഗിച്ചിരുന്നത്., എന്നാൽ 1890 കളിൽ ഉണ്ടായ യുദ്ധത്തോടെ ബൊളീവിയ ചിലിയിൽ നിന്നും ഒറ്റപ്പെടുകയും മൈനിങ് ഇൻഡസ്ടറി തകരുകയും., അറ്റകുറ്റ പണികളുടെ അഭാവം മൂലം ട്രെയിനുകളും ട്രാക്കുകളും കേടുവരുകയും ഈ സ്ഥലം ഉപയോഗ ശൂന്യമാവുകയും ചെയ്തു... ഏകദേശം അര മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി ....

ദൂരെ "സലാർ" ദൃശ്യമായി തുടങ്ങി... ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടമാണ് "Salaar De Uyunni" എന്നറിയപ്പെടുന്ന "Uyunni " യിലെ ഉപ്പുപാടം... ഏകദേശം 10,500 Square Kilometer ആണ് ഇതിനെ വിസ്തൃതി ., 11 ബില്യൺ ടൺ ഉപ്പാണ് ഇവിടെ അടിഞ്ഞുകൂടി കിടക്കുന്നതു... സലാർ ഒരു ഉപ്പു പാടം മാത്രമല്ല., വരുന്ന തലമുറയുടെ ഊർജവശ്യങ്ങൾക്കു ഉതകുന്ന ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ പകുതിയിൽ കൂടുതലും ഒളിഞ്ഞു കിടക്കുന്നതു സാലറിന്റെ അടിത്തട്ടിലാണ് ... ഭാവിയിലെ ക്രൂഡ് ഓയിൽ എന്ന് വിശേഷിപ്പിക്കാവുന്ന ലിഥിയം ഉപയോഗിച്ചാണ് ഇപ്പോഴുള്ള ഏതാണ്ട് എല്ലാത്തരം ബാറ്ററികളും നിർമിക്കുന്നത്... ഇലക്ട്രിക്ക് കാറുകളുടെ ആവിർഭാവത്തോടെ ലിഥിയതിന്റെ ആവശ്യകതയിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്., അടുത്ത 10 വർഷത്തിനുള്ളിൽ ലിഥിയതിന്റെ വിലയിൽ സ്ഫോടനാത്മകമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത് .. സൗത്ത് അമേരിക്കയിലെ പാവപെട്ട രാജ്യമായ ബൊളീവിയയുടെ ലിഥിയം നിക്ഷേപത്തിന്റെ ഭാവിയിലെ മൂല്യം മനസ്സിലാക്കി അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ലിഥിയം വേർതിരിച്ചെടുക്കാനുള്ള സഹായവുമായി ഇപ്പോൾ ബൊളീവിയയുടെ പുറകെയാണ് .. ചൈന അവരുടെ ഒരു പ്ലാന്റ് ഇതിനകം അവിടെ സ്ഥാപിച്ചു പ്രവർത്തനവും തുടങ്ങി കഴിഞ്ഞു....
അമേരിക്കൻ ബഹിരാകാശ ഏജൻസി ഉപഗ്രഹങ്ങൾ കാലിബ്രേറ്റ് ചെയ്യാൻ സലാർ ആണ് റഫറൻസ് ആയി ഉപയോഗിക്കുന്നത് , സാലറിന്റെ വലുപ്പവും പ്രതലത്തിനെ നിരപ്പും പ്രതിഫലനവും ഇതിനു സഹായിക്കുന്നു ..
ഞങ്ങളുടെ വാഹനം ടാർ റോഡിൽ നിന്നും മണ്ണും ചെളിയും നിറഞ്ഞ വഴിയിലേക്ക് ഇറങ്ങി., സിൽവിയോ വളരെ കഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കുന്നുണ്ടായിരുന്നു., വഴിനീളെ പണിമുടക്കിയതും ചെളിയിൽ പുതഞ്ഞതുമായ കുറെ വാഹനങ്ങളും കാണാം ... ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വാഹനം പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങി യാത്ര തുടങ്ങി., ഏതാണ്ട് 7 -8 ഇഞ്ച് ആഴത്തിൽ നാലു ചുറ്റും മഞ്ഞയും ചുവപ്പും കലർന്ന വെള്ളം മാത്രം., വഴി എങ്ങോട്ടെന്ന് ഞങ്ങൾക്ക് ഒരു പിടിയും ഇല്ല., എന്നാൽ സിൽവിയോക്കു നല്ല നിശ്ചയം .... വേഗത കൂടിയാൽ ഉപ്പു വെള്ളം കയറി വാഹനത്തിന്റെ പാർട്സുകൾ നാശമാകും എന്നുള്ളതുകൊണ്ട് വളരെ പതുക്കെയാണ് ഞങ്ങളുടെ യാത്ര., വീണ്ടും ഒരു 10 മിനിറ്റ് കഴിഞ്ഞതോടെ ഞങ്ങൾ "salar" ൽ പ്രവേശിച്ചു, ... എകദേശം 2 ഇഞ്ച് തെളിഞ്ഞ വെള്ളത്തിനു താഴെ വെള്ള നിറത്തിൽ ഉപ്പുപാടം തെളിഞ്ഞു കാണാം അതിനു മുകളിലൂടെ ഞങ്ങൾ യാത്ര തുടർന്നു .. .. ഏതാണ്ട് 10 മീറ്ററിലധികം കനം ഉണ്ട് ഈ ഉപ്പു പാളികൾക്കു ., അതുകൊണ്ടു പേടിക്കേണ്ട ആവശ്യമില്ല .... ചുറ്റിനും ഞങ്ങളെപ്പോലെ ഒരുപാടു വാഹനങ്ങൾ നിരയായി വരുന്നുണ്ട് ... ഞാൻ സിൽവിയയോട് ഉപ്പു പാടത്തിന്റെ നടുവിലേക്ക് പോകണം എന്നാവശ്യപ്പെട്ടു., നടുവിലെത്താൻ ഇനിയും 2 മുതൽ 3 മണിക്കൂർ വരെ യാത്ര വേണ്ടി വരും എന്നും., ഇടക്ക് വെള്ളം കൂടിയ സ്ഥലം ഉണ്ടെങ്കിലോ മഴ പെയ്തു സലാറിൽ വെള്ളം കൂടിയാലോ യാത്ര മുടങ്ങും എന്നും സിൽവിയോ പറഞ്ഞു ..... ഞാൻ റിസ്ക് എടുക്കാൻ തീരുമാനിച്ചു .... മുകളിൽ ആകാശം മേഘാവൃതമായിരുന്നു പോരാത്തതിന് തലേ ദിവസം രാത്രി മഴയും പെയ്തിരുന്നു.... വഴിയിൽ കുടുങ്ങിയാൽ., അന്നത്തെ ബാക്കി യാത്രയും പിറ്റേന്നത്തെ യാത്രയും മുടങ്ങും ... സിൽവിയോ ഓഫീസിൽ വിളിച്ചു ഫോൺ എനിക്ക് തന്നു... ഞാൻ എന്റെ ആവശ്യം അറിയിച്ചു.. ബാക്കി യാത്ര മുടങ്ങിയാൽ അവർ ഉത്തരവാദി അല്ല എന്ന് എന്നെ അറിയിച്ചു ., ഞാൻ സമ്മതിച്ചു അതോടെ സിൽവിയോയെ എന്റെ വഴിക്കു കിട്ടി ... നേരെ ഉപ്പു പാടത്തിന്റെ നടുവിലേക്ക് .. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ചുറ്റും അനന്തമായി പരന്നു കിടക്കുന്ന ഉപ്പുപാടത്തിൽ എത്തിച്ചേർന്നു... മനോഹരമായ ഉപ്പു പാടത്തിൽ ഒരു സ്ഥലത്തു സിൽവിയോ വാഹനം നിർത്തി ഞങ്ങൾ പുറത്തേക്കു ഇറങ്ങി., ആകാശം തെളിഞ്ഞു സൂര്യനും കുറച്ചു മേഘങ്ങളും മാത്രം .... താഴെ വെള്ളം വളരെ കുറവ് ആകാശത്തിന്റെ പ്രതിബിംബം വെള്ളത്തിൽ... ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നോ എന്ന് തോന്നും ....... ഏതു ദിശയിലേക്കു നോക്കിയാലും ഒരേ കാഴ്ച അനന്തമായി കിടക്കുന്ന ആകാശവും താഴെ അതിന്റെ പ്രതിബിംബവും ..... സലാറിന്റെ കണ്ണെത്താ ദൂരത്തോളും ഞങ്ങളൊഴികെ മറ്റാരുമില്ല, തികച്ചും മറ്റൊരു ലോകത്തു എത്തിപ്പെട്ട പ്രതീതി ഞാൻ കാമറ ഓൺ ചെയ്തു ചിത്രങ്ങൾ പകർത്തി ... സൂര്യാഘാതം കൂടുതൽ ആയതിനാൽ മുഖത്ത് Sun Cream ഇടാനും Sun Glass ഉപയോഗിക്കാനും സിൽവിയോ നിർദേശിച്ചു ഫോട്ടോഗ്രാഫർമാരുടെ സ്വർഗം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് തന്നെ., കലാവാസനയുള്ളവർക്കു വളരെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയും... ഞങ്ങൾ കുറച്ചു ചിത്രങ്ങൾ എടുത്തു വന്നപ്പോഴേക്കും സിൽവിയോ ഉച്ച ഭക്ഷണം തയ്യാറാക്കിയിരുന്നു .... ലോകത്തിലെ ഏകാന്തമായ സ്ഥലത്തു ആകാശത്തിനു താഴെയുള്ള ഞങ്ങളുടെ ഉച്ചഭക്ഷണ സ്ഥലത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല ..... (തിരികെ ഉള്ള യാത്രയിൽ, ഒരു ചൈനീസ് വിവാഹം സലാറിൽ വച്ച് നടക്കുന്നത് കാണാൻ ഇടയായി ., ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫര്മാരുമായി ഒരു വല്യ നിര തന്നെ അവരോടൊപ്പം ഉണ്ടായിരുന്നു ...)

ഞങ്ങളുടെ ഉച്ച ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ആകാശം മൂടിക്കെട്ടി വന്നു., ചെറിയ രീതിയിൽ മഴ തുടങ്ങി... തിരിച്ചു പോയില്ലേൽ പണി കിട്ടും എന്ന് സിൽവിയോ മുന്നറിയിപ്പ് തന്നു .... എന്റെ അടുത്ത ഉദ്ദേശം സൂര്യാസ്തമനം കാണണം എന്നതാണ് .. പക്ഷെ അവിടെ നിന്ന് അസ്തമനം കണ്ടാൽ രാത്രി കുടുങ്ങി പോകും എന്നുറപ്പായതിനാൽ സിൽവിയോ പറഞ്ഞപോലെ തിരിച്ചു യാത്ര ആരംഭിച്ചു .. തിരിച്ചു പകുതി വഴി എത്തിയപ്പോൾ ഞാൻ സിൽവിയോയെ വീണ്ടും ശല്യപ്പെടുത്തി ... അസ്തമനം കാണാനുള്ള ആഗ്രഹം അറിയിച്ചു .. വൈകുന്നേരം 5 മണിക്ക് ഞങ്ങളെ "Salaar" ന്റെ എതിർ ഭാഗത്തുള്ള ഹോട്ടലിൽ ആക്കിയിട്ടു തിരിച്ചു പോയിട്ട് പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും വരേണ്ടതിനാലും... ഹോട്ടലിൽ നിന്നും ടൗണിലേക്കുള്ള 2 മണിക്കൂർ യാത്ര ദൂരം കൂടുതലായതിനാലും അസ്തമനം കാണാൻ 7 മണിവരെ നിൽക്കുന്നത് പ്രായോഗികമല്ല എന്ന് സിൽവിയോ പറഞ്ഞു ... ഉച്ചക്ക് കണ്ട മനോഹരിത സൂര്യാസ്തമനത്തിൽ ഇരട്ടിക്കും എന്ന് ഉറപ്പായതിനാൽ പിറ്റേ ദിവസത്തെ പ്ലാൻ മാറ്റാൻ ഞാൻ തീരുമാനിച്ചു .... സിൽവിയോ സമ്മതിച്ചു .... വീണ്ടും യാത്ര ആരംഭിച്ചു, ഉപ്പുപാടത്തിന്റെ പടിഞ്ഞാറേ ദിശയിലേക്കു… മഴ മാറി വരുന്നേ ഉള്ളൂ ., 6 മണിയോടെ സൂര്യാസ്തമനം കാണാൻ പറ്റുന്ന സ്ഥലത്തു എത്തിച്ചേർന്നു ... പക്ഷെ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടു കാർമേഘങ്ങൾ കൂടി കൂടി വന്നു., സൂര്യൻ പൂർണമായി മറഞ്ഞു .... ഇരുട്ട് വീഴുന്നതുവരെ കാത്തു നിന്നിട്ടും സൂര്യനെ കാണാൻ പറ്റാതെ നിരാശരായി ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്ര ആരംഭിച്ചു ......
പോകുന്നവഴിക്കു പിറ്റേദിവസത്തെ പ്ലാൻ സിൽവിയോയുമായി ചർച്ച ചെയ്തു ... ഇന്ന് ലേറ്റ് ആയതിനാൽ പിറ്റേ ദിവസം രാവിലെ 8 മണിയോടുകൂടി മാത്രമേ പുറപ്പെടാൻ പറ്റൂ എന്ന് സിൽവിയോ പറഞ്ഞു ., അസ്തമനം കാണാൻ പറ്റാത്തതിനാൽ വെളുപ്പിനെ സൂര്യോദയം കാണാൻ പോകാനുള്ള വഴിയുണ്ടോ എന്നായി എന്റെ അന്വേഷണം ... അവസാനം പിറ്റേദിവസത്തെ യാത്ര ഉച്ചക്ക് ആക്കി., വെളുപ്പിനെ 3 മണിക്ക് സൂര്യോദയം കാണാൻ വീണ്ടും സലാറിലേക്കു പോകാൻ സിൽവിയോ സമ്മതിച്ചു .. രാത്രി 8 മണിയോടെ ഞങ്ങൾ സാലറിന്റെ എതിർഭാഗത്തുള്ള ഹോട്ടലിൽ എത്തി .... മേൽക്കൂര ഒഴിച്ച് ബാക്കി എല്ലാം പൂർണമായും ഉപ്പിനാൽ നിർമിതമായ എന്നാൽ നല്ല സൗകര്യങ്ങൾ ഉള്ള ഹോട്ടൽ ... തറ, തൂണുകൾ, ചുവരുകൾ., ഇരിപ്പിടം എന്നുവേണ്ട., കട്ടിൽ വരെ ഉണ്ടാക്കിയിരിക്കുന്നത് ഉപ്പു വച്ച്.... എല്ലാം വളരെ മനോഹരമായ രീതിയിൽ ഡിസൈനോട് കൂടിയാണ് നിർമിച്ചിരിക്കുന്നത് ., തിരക്കിയതിൽ നിന്നും അവിടെ ഉള്ള ഏതാണ്ട് എല്ലാ ഹോട്ടലും ഇതേ രീതിയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത് എന്ന് മനസ്സിലായി., കാരണം അവിടെ പൊതുവേയുള്ളതു ഉപ്പുകലർന്ന മണ്ണും ഉപ്പും മാത്രമാണ് .....
രാവിലെ 3 മണിക്ക് തന്നെ പറഞ്ഞപോലെ സിൽവിയോ എത്തിച്ചേർന്നു ... ഹോട്ടലിനു പുറത്തു ഇറങ്ങിയപ്പോൾ തന്നെ സന്തോഷമായി., വളരെ തെളിഞ്ഞ ആകാശം., മേഘങ്ങൾ തരിമ്പുപോലും ഇല്ല നക്ഷത്രങ്ങൾ, നമ്മുടെ ഗാലക്സി എന്നിവയെല്ലാം കണ്ണുകൊണ്ടു തന്നെ വളരെ വ്യക്തമായി കാണാം ഞങ്ങൾ വീണ്ടുംസലാറിലേക്കു യാത്ര തുടങ്ങി... ആദ്യത്തേതുപോലെ പോലെ ചതുപ്പിലൂടെയും വെള്ളത്തിലൂടെയും കടന്നു മാത്രമേ സലാറിലേക്കു എത്തിപ്പെടാൻ പറ്റൂ., തലേദിവസത്തെ മഴ കാരണം... ഒന്ന് രണ്ടു തവണ ഏതാണ്ട് വഴിയിൽ നിന്നുപോകുന്ന അവസ്ഥ ആയെങ്കിലും സിൽവിയോ അതെല്ലാം തരണം ചെയ്തു വണ്ടി സലാറിലേക്കു എത്തിച്ചു ... തലേ ദിവസത്തെപോലെയല്ല., ചുറ്റിനും മറ്റൊരു വാഹനവും ഇല്ല., സലാറിനു നടുവിൽ ആകെ സഞ്ചരിക്കുന്ന ഞങ്ങളുടെ വണ്ടിയും നക്ഷത്രങ്ങളും മാത്രം... ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്തു സിൽവിയോ ഞങ്ങളെ സൂര്യാസ്തമയം കാണാൻ സൂര്യോദയം കാണാൻ പറ്റിയ സ്ഥലത്തെത്തിച്ചു ... പുറത്തെ അസഹ്യമായ തണുപ്പിനെയും കാറ്റിനെയും വക വയ്ക്കാതെ ഞാൻ പുറത്തേക്കിറങ്ങി.... ഭൂമിക്കു നടുവിൽ ഞാൻ മാത്രം ഞങ്ങളുടെ കാർ ഒഴികെ ചുറ്റിനും മറ്റൊന്നും ഇല്ല ... ആകാശം നിറയെ നക്ഷത്രങ്ങൾ .. ഗാലക്സിയുടെ ചിത്രങ്ങൾ എടുത്തു സൂര്യോദയവും പ്രതീക്ഷിച്ചു നിൽപ്പ് തുടങ്ങി ... ഏകദേശം 6 മണിയോടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാത്ത വിധത്തിൽ ആകാശത്തിന്റെ നിറം മാറി തുടങ്ങി സൂര്യൻ ഉദിക്കുന്ന ദിക്കിൽ ചെറിയ ചുവപ്പു കലർന്ന മഞ്ഞ നിറം ചുറ്റിനും ഇരുണ്ട നീലാകാശം അതിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ .... ഇതിലെല്ലാം ഉപരി മനോഹരമായ ഈ ദൃശ്യത്തിന്റെ പ്രതിഫലനം തൊട്ടുതാഴെ സലാറിൽ .....ഓരോ നിമിഷം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുന്ന നിറക്കൂട്ടുകളുടെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല.. സൂര്യൻ പൂർണമായും ഉദിച്ചു നക്ഷത്രങ്ങൾ കണ്ണിൽ നിന്നും മറയുന്ന വരെ അവിടെ ചിലവഴിച്ചു .. ചില ദൃശ്യങ്ങളും അനുഭവങ്ങളും, പറഞ്ഞോ എഴുതിയോ ചിത്രങ്ങളിലൂടെയോ ഫലിപ്പിക്കാൻ പറ്റില്ല.... ഞാൻ പകർത്തിയ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഞങ്ങൾ അവിടെ നേരിട്ട് കണ്ട അനുഭവത്തിന്റെ 50% പോലും ആസ്വാദനം നൽകില്ലെന്ന് എനിക്ക് നിസംശയം പറയാൻ കഴിയും ..... വെളുപ്പിനെ 7 മണിയോടെ തിരിച്ചു ഹോട്ടലിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.. ഉച്ചക്ക് 12 മണിക്കാണ് പല നിറങ്ങളിലുള്ള ലഗൂണുകളും., അഗ്നിപർവ്വതങ്ങളും., മരുഭൂമികളും താണ്ടി ബൊളീവിയൻ ഹൃദയഭൂമിയിലൂടെ ഞങ്ങളുടെ ഇനിയുള്ള രണ്ടു ദിവസത്തെ യാത്ര ആരംഭിക്കുന്നത് ....

സൗത്ത് അമേരിക്കയിലെ തന്നെ ചെലവ് വളരെ കുറഞ്ഞ രാജ്യമാണ് ബൊളീവിയ., ഭക്ഷണം, താമസം എന്നിവ എല്ലാം തന്നെ ചെലവ് വളരെ കുറവാണു., നാട്ടിൽ നിന്നും ഇങ്ങോട്ടേക്കു എത്താനുള്ള വിമാന ടിക്കറ്റ് മാത്രമാണ് കുറച്ചു കൂടുതൽ......ലാപാസ്, സാന്റാക്രൂസ് എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർക്ക് On Arrival വിസ ലഭിക്കും., ബൊളീവിയയിൽ നിന്നും തിരിച്ചു പോകുന്ന ദിവസം മുതൽ കുറഞ്ഞത് ആറുമാസം സാധുതയുള്ള പാസ്പോര്ട്ട്., അതിന്റെ കോപ്പി., ബൊളീവിയയിൽ നമ്മൾ താമസിക്കാൻ പോകുന്ന ഹോട്ടലിന്റെ ബുക്കിംഗ് / അല്ലെങ്കിൽ ടൂർ ഓപ്പറേറ്ററുടെ ബുക്കിംഗ് ., ബൊളീവിയയിൽ നിന്നും തിരിച്ചു പോകുന്ന വിമാന ടിക്കറ്റ്., സാമ്പത്തിക സ്ഥിതി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെൻറ് അല്ലെങ്കിൽ കൈവശം ചിലവാക്കാൻ ഉള്ള പണം., പിന്നെ Yellow Fever വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ്., എന്നിവയാണ് വിസ ലഭിക്കാൻ ആവശ്യമായ രേഖകൾ 60 അമേരിക്കൽ ഡോളറിനു തുല്യമായ ബൊളീവിയൻ കറൻസി ആണ് ഇന്ത്യൻ പാസ്സ്പോർട്ടുള്ള ഒരാളുടെ വിസ ഫീസ് (നാട്ടിലെ എംബസി വഴി പോകുന്നതിനു മുന്നേ വിസ എടുത്താൽ ഇന്ത്യക്കാർക്ക് വിസ ഫീസ് ഇല്ല., ഫ്രീ ആണ് - 60 അമേരിക്കൻ ഡോളർ ലാഭിക്കാം ).,



![]()