Tuesday, 8 May 2018

#രാമക്കൽമേട്❤❤ #കാറ്റിനാൽ_വിസ്മയം_തീർക്കുന്ന_സ്വർഗ്ഗം😍😍

Credit : Akhilesh Kumar

കാൽവരി മൗണ്ടിലെ മഴയും മഞ്ഞും ഏറ്റുവാങ്ങി കട്ടപ്പന റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് കുറവനും കുറത്തിയും കാറ്റുകൊള്ളുന്ന രാമക്കൽ മേടായിരുന്നു. മോശമായി കിടന്നിരുന്ന തൂക്കുപാലം റോഡ് ടാർ ചെയ്ത് വൃത്തിയാക്കിയിരുന്നു. വെയിൽ മങ്ങിതുടങ്ങിയിരിക്കുന്നു. തൂക്ക്പാലം ടൗണിൽ നിന്നും കൃഷ്ണേട്ടന്റെ ചായ കടയിൽ നിന്നൊരു ചായയും ഇത്തിരി സ്നേഹ വർത്തമാനവും, രാമക്കൽ മേടിനെകുറിച്ചും തൂക്കുപാലത്തെ കുറിച്ചും കൃഷ്ണേട്ടൻ വാചാലമായി. കോട്ടയത്തു നിന്നു കുടിയേറ്റക്കാരായി എത്തിയതും ആനയും പുലിയും കടുവയും ഉണ്ടായിരുന്ന കാട് കൃഷിയോഗ്യമാക്കിയതുമെല്ലാം പറയുമ്പോൾ ആ 70 വയസുകാരന്റെ കണ്ണിൽ 20 ന്റ നിറയൗവ്വനമാണ് തെളിയുന്നത്. ഇത്രയും നിഷ്കളങ്കമായി സംസാരിക്കാൻ ഇടുക്കികാർക്ക് മാത്രമേ കഴിയുള്ളൂ എന്ന് പലപ്പോഴും തോന്നിട്ടുണ്ട്. ചായ കുടിച്ചിറങ്ങുമ്പോൾ തിരിച്ച് വരുമ്പോൾ കയറണം എന്നോർപ്പിക്കുന്നുണ്ടായിരുന്നു കൃഷ്ണേട്ടൻ.😍😍
മദ്ധ്യ പശ്ചിമഘട്ടത്തിലെ അവസാനത്തെ ഗ്രാമമാണ് രാമക്കൽമേട്. ചെറിയൊരു കുന്നിൻ മുകളിൽ കുറവനും കുറത്തിയും സായാഹ്നം നോക്കിയിരിക്കുന്നു. ടിക്കറ്റെടുത്ത് മുകളിലേക്ക് നടക്കുമ്പോഴാണ് മനസ്സിലായത് ചെറിയൊരു കുന്നല്ല എന്ന്. കുറവൻ കുറത്തി ശില്പത്തിന്റെ പടിഞ്ഞാറ് ഭാഗം കാറ്റാടി പാറയാണ്. വിൻഡ് മില്ലുകൾ തലയുയർത്തി നില്ക്കുന്നു. ഇതിനിടയിലൂടെ സൂര്യൻ മറയുകയാണ്. മലമടക്കുകളിൽ ഇത്രയും നല്ലൊരു സൂര്യാസ്തമയം ഇത് വരെ കണ്ടിട്ടില്ലാ. വിൻഡ്മില്ലിലേക്ക് അന്തിവെളിച്ചം തട്ടുന്നത് മനോഹരമായ മറ്റൊരു കാഴ്ച. മേടിന്റെ കിഴക്ക് ഭാഗം തമിഴ്നാടാണ്. മങ്ങിയ വെളിച്ചത്തിലും കമ്പം തേനി ഭാഗങ്ങൾ മിഴിവോടെ കാണാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ശില്‌പത്തിനടുത്ത് നിന്ന് നോക്കുമ്പോൾ കാണാൻ കഴിയുന്ന മറ്റൊരു കാഴ്ച. സീതാന്വേഷണത്തിനായി ശ്രീരാമന്റെ കാല്പാദം പതിഞ്ഞു എന്ന് വിശ്വസിക്കുന്ന രാമപാറയാണ്, 3500 അടി ഉയരത്തിൽ തല ഉയർത്തി നില്ക്കുന്ന ഈ പ്രദേശം തമിഴ്നാട് ഫോറസ്റ്റ് ഡിപാർട്മെൻറിന്റെ അതീനതയിലാണ്. അതിനുംമപ്പുറം തമിഴ്നാടിന്റെ ദൃശ്യഭംഗിയാണ്. അസ്തമയം കഴിഞ്ഞിരിക്കുന്നു. ഇരുൾ വീഴുമ്പോഴുള്ള കമ്പം, തേനി യുടെ വൈദ്യുത ദീപകാഴ്ച വേറൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. താഴ്‌വാരത്തിൽ എത്തി താമസ സൗകര്യം അന്വേഷിച്ചപ്പോൾ എവിടെയും റൂമുകൾ ഒഴിവില്ല. പ്ലാൻ ചെയ്യാതെയുള്ള യാത്രകളിൽ ഇത് പതിവ് വില്ലനായതുകൊണ്ട് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ട് തോന്നിയില്ലാ.

അന്വേഷണത്തിനൊടുവിലാണ് #സമ്മർ ലാന്റ് ഹോളിഡേയ്സ് ഹോം സ്റ്റേ എന്ന ബോർഡ് ശ്രദ്ധയിൽ പെടുന്നത്. രാമക്കൽ സ്വദേശികളായ Ajmal kallar& Nissar ഇവർ രണ്ട് പേരുമാണ് ഇതിന്റെ ഒണേഴ്സ്. ബിസിനസിനേക്കാളും കൂടുതൽ നാടിനെ ഹൃദയം തുറന്ന് സ്നേഹിക്കുന്ന ഇടുക്കിക്കാർ എന്നാണ് തോന്നിയത്. പരിചയപ്പെടലിന് ശേഷം യാത്രാ സ്നേഹികൾ എന്ന പരിഗണനയിൽ നല്ല ഒരു റൂം കുറഞ്ഞ ചിലവിൽ ഞങ്ങൾക്ക് തരാൻ അവർ തയ്യാറായി. രാമക്കൽ മേട് എന്നത് കുറവനും കുറത്തിയും ഇരിക്കുന്ന കുന്ന് മാത്രമല്ല മിഴിവുള്ള കാഴ്ചകളുടെ പൂരപ്പറമ്പാണെന്ന് മനസിലാക്കാൻ കഴിഞ്ഞത് അവരിലൂടെയാണ്. സംസാരത്തിനിടയിൽ രാമക്കൽ മേടിനെതിരെ പ്രവർത്തിക്കുന്ന ടൂർ പാക്കേജ് ലോബിയെ കുറിച്ച് വിഷമത്തോടെ അവർ പങ്കുവയ്ക്കുകയുണ്ടായി. അവർ ഒരുക്കി തന്ന ഭക്ഷണവും കഴിച്ച് രാത്രി പിരിയുമ്പോൾ രാവിലെ കാണാൻ കഴിയാത്തതിനാൽ ഇനിയും വരണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
ഇരുട്ടും തണുപ്പും പങ്കിടുന്ന രാത്രിയിലേക്ക് മിന്നലിന്റെ വശ്യതയുമായി മഴയെത്തിയത് പെട്ടന്നാണ്. രാത്രിയിലെ കുളി മഴയത്തുതന്നെ ആഘോഷിച്ചു. അതിനു ശേഷം ഉറക്കത്തിലേക്ക്.
പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റൂ. രാത്രിയിലെ മഴ നനയൽ ചെറിയൊരു ജലദോഷമായി മാറിയിരിക്കുന്നു. അതിനെ വകവക്കാതെ കുളിച്ച് റെഡിയായി രാമപ്പാറയിലേക്ക്, സമയം 5.30 AM കടകളും സഞ്ചാരികളും ഉണർന്നിട്ടില്ലാ. വെളിച്ചം നന്നേ കുറവ്. ഇരുട്ടിൽ, മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ കാട്ടിലേക്ക്.
മുളങ്കൂട്ടങ്ങളുടെ ഇടയിലൂടെയാണ് യാത്ര. മുമ്പിൽ പോയ ചങ്ക് പെട്ടന്ന് നിന്നു, എടാ.. ഒരു ശബ്ദ്ധം കേൾക്കുന്നില്ലേ.? ദൈവമേ.. ശരിയാണല്ലോ.. ഒരു മുരൾച്ച കേൾക്കുന്നുണ്ടല്ലോ. മൊബൈൽ വെളിച്ചത്തിൽ തപ്പിതടഞ്ഞു നിൽക്കുമ്പോൾ ഞങ്ങളെ ആക്രമിക്കാനെന്നോണം നാലഞ്ചു കുരങ്ങുകൾ അവയുടെ മുരൾച്ച ഒഴിച്ചാൽ പേടിപെടുത്തുന്ന നിശബ്ദ്ധതയും. കുറച്ചുനേരത്തെ പേടിപ്പിക്കലിന് ശേഷം അവറ്റകൾ തിരിച്ച് പോയപ്പോഴാണ് ശ്വാസം നേരെ വീണത്, പാറപുറത്തു കൂടിയും കുറ്റിക്കാടുകളുടെ ഇടയിലൂടെയുള്ള യാത്രയിൽ രണ്ട് വട്ടം വീണ് കൈ മുട്ടിൽ നിന്നും രക്തം പൊടിയുന്നുണ്ടെങ്കിലും അതിന്റെ വേദനകൾ ഇല്ലാതാക്കാനുള്ള ദൃശ്യവിരുന്ന് രാമ പാറയുടെ മുകളിൽ പ്രകൃതി ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.
കമ്പം തേനി ഗ്രാമങ്ങൾ നിറപച്ച പട്ടുടുത്ത് ഒരുങ്ങി നില്ക്കുകയാണ്. അതിന് കാവലായി വൻ മലനിരകളും, വെൺമേലങ്ങൾ പോലെ മത്തിൻ ആവരണവും. സൂര്യൻ ഉദിക്കാൻ തുടങ്ങിയിരിക്കുന്നു, മഴമേഘങ്ങൾക്കിടയിൽ അത്ര തെളിമയല്ലങ്കിലും സുന്ദരമായ ഒരു പ്രഭാതം പൊട്ടിവിരിയുകയാണ്.. 

ഞങ്ങൾക്ക് മുമ്പിൽ ,ഇതിലും മനോഹരമായതെന്തെങ്കിലും ഭൂമിയിലുണ്ടോ എന്ന് തോന്നിപ്പോകുന്ന നിമിഷം. രാമപാറയിൽ തല ഉയർത്തി നില്ക്കുന്ന ഭീമാകാരമായ പാറ ബാഹുബലി സിനിമയിലെ ആന ശില്പത്തിനോട് എവിടെയൊക്കയോ സാമ്യം തോന്നുന്നു. 3000 അടി താഴ്ചയിൽ തമിഴ്നാടിന്റെ ഗ്രാമഭംഗിയും മാമലകളുടെ ദൃശ്യഭംഗിയും കൈകോർത്ത് പരിലസിക്കുകയാണിവിടം. മുകളിലെ പാറയിലേക്കുള്ള കയറ്റം ഇത്തിരി ദുർഘടം ആണ് എങ്കിലും മുകളിൽ നിന്നും കിട്ടുന്ന കാറ്റിന്റെ ഫിൽ ഒന്നു വേറേതന്നെ. മഞ്ഞിൽ പുതച്ചു നില്ക്കുന്ന മലനിരകൾ പുലരിയുടെ ചുംമ്പനമേറ്റ് ഉണരുകയാണ് മെല്ലേ, നിറമാർന്ന പൊൻ വെളിച്ചത്തിലേക്ക്.
പശ്ചിമഘട്ട മലനിരകൾ അത്ഭുതങ്ങളുടെ കലവറയാണ്. അതിൽ ഒരു പാട് വിസ്മയങ്ങൾ ഒളിപ്പിച്ച് വച്ച് രാമക്കൽ മേട് നിങ്ങളെ ക്ഷണിക്കുകയാണ്.. കുറുവൻ കുറത്തി ശില്പങ്ങൾമാത്രം കണ്ട് തിരിച്ചു പോകാതെ തൊട്ടടുത്തുള്ള രാമപാറയും, ആമപ്പാറയും , കാറ്റാടി പാറയും കണ്ട് ആസ്വദിക്കാൻ..
രാമക്കല്ലിലെ പ്രീയ സുഹൃത്ത് AjmalKallar ഒപ്പം ഞാനും നിങ്ങളെ ക്ഷണിക്കുകയാണ്..
രാമപ്പാറയിലെ കാറ്റു കൊളളാൻ
രാമക്കൽ മേട്ടിൽ നിന്നും തൊട്ടടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവയാണ്.
1. തേക്കടി 39 km
2. കമ്പം തേനി 21km
3. സുരളി വെള്ളചാട്ടം 28 Km
4. മൂന്നാർ 60 km
5. ഇടുക്കി ഡാം 40 Km
6. കാൽവരി മൗണ്ട് 35 km
7. അഞ്ചുരുളി ഡാം 28 km
8. തൂവൽ വെള്ളച്ചാട്ടം
9. സത്രം
10. കുട്ടിക്കാനം
11. പരുന്തുംപാറ
12. പാഞ്ചാലിമേട്
13. ഉളുപ്പൂണി
14. വാഗമൺ
NB : ഓഫ് റോഡ് ജീപ്പ് സവാരി ആ ആസ്വദിക്കേണ്ടവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്.
Contact :
Ajmal Kallar
Summer land holidays
Ramakkal medu
989 599 7996

No comments:

Post a Comment

#രാമക്കൽമേട്❤❤ #കാറ്റിനാൽ_വിസ്മയം_തീർക്കുന്ന_സ്വർഗ്ഗം😍😍

  # രാമക്കൽമേട് ❤ ❤ # കാറ്റിനാൽ_വിസ്മയം_തീർക്കുന്ന_സ്വർഗ്ഗം 😍 😍 Credit : Akhilesh Kumar കാൽവരി മൗണ്ടിലെ മഴയും...